2009, ജനുവരി 18, ഞായറാഴ്‌ച

വസ്ത്രം

ചരിത്രം
മനുഷ്യന്‍ വേട്ടയാടി പിടിച്ചിരുന്ന ജീവികളുടെ തോലായിരിക്കണം വസ്ത്രമായി ആദ്യം ഉപയോഗിച്ചിരുന്നത്‌ എന്നാണ്‌ നരവംശശാസ്ത്രജ്ഞരുടെ അഭിപ്രായം. എന്നാല്‍ തോല്‍ അതേപടി ഉപയോഗിക്കുന്നതുമൂലം ശരീരത്തിനുണ്ടാകുന്ന ബുദ്ധിമുട്ടും, തോല്‍ കുറച്ചുകാലം മാത്രമേ ഉപയോഗിക്കാന്‍ പറ്റുകയുള്ളു എന്നതുകൊണ്ടും. തോല്‍ സംസ്കരിക്കുക എന്ന വഴിയും കൂടുതല്‍ മെച്ചപ്പെട്ട വസ്ത്രങ്ങള്‍ കണ്ടെത്തുക എന്നവഴിയും കണ്ടെത്താന്‍ മനുഷ്യനെ പ്രേരിപ്പിച്ചു. മൃഗങ്ങളുടെ തോല്‍ ഉപയോഗിച്ച്‌ അധികം താമസിയാതെ തന്നെ മരത്തിന്റെ തോല്‍ വസ്ത്രമായി ഉപയോഗിക്കാനും മനുഷ്യന്‍ ശീലിച്ചിരുന്നത്രേ. 30,000 വര്‍ഷം മുമ്പുതന്നെ മനുഷ്യന്‍ തയ്യല്‍ സൂചി ഉപയോച്ചിരുന്നു എന്നതിന്‌ തെളിവുകളുണ്ട്‌.

വസ്ത്രധാരണത്തിലെ സൂചനകള്‍
ചിലപ്പോഴൊക്കെ പ്രത്യേക വസ്ത്രധാരണം സമൂഹത്തിനായി അറിയിപ്പുകള്‍ നല്‍കാനായി ഉപയോഗിക്കാറുണ്ട്‌. പോലീസ്‌, പട്ടാളം, ഭിഷഗ്വരന്മാര്‍ മുതലായവരെ മിക്കവാറും എല്ലാ സമൂഹങ്ങളിലും താന്താങ്ങളുടെ വേഷം കൊണ്ടു തന്നെ തിരിച്ചറിയാന്‍ സാധിക്കും. അതായത്‌ വസ്ത്രധാരണത്തില്‍ ആഗോള മാനദണ്ഡങ്ങള്‍ ഉണ്ടാകാറുണ്ട്‌

മതപരമായ സൂചകങ്ങള്‍
ചില മതങ്ങളില്‍ പെട്ടവര്‍ തങ്ങളുടെ വിശ്വാസങ്ങള്‍ക്കനുസരിച്ച്‌ വസ്ത്രം ധരിക്കാറുണ്ട്‌. സിഖ്‌ മതത്തിലുള്ളവര്‍ തലയില്‍ ടര്‍ബന്‍ ഉപയോഗിക്കുന്നതായി കാണാം. അതുപോലെ പള്ളീലച്ചന്മാരും, സന്യാസിമാരും തങ്ങളുടെ ജീവിതരീതി വെളിപ്പെടുത്തുന്നതരത്തില്‍ വസ്ത്രം ധരിച്ചിരിക്കുന്നതു കാണാം.

പദവി സൂചകങ്ങള്‍
പോലീസ്‌, പട്ടാളം തുടങ്ങിയ ഗണങ്ങളില്‍ പദവികള്‍ വസ്ത്രധാരണത്തിലൂടെ ആശയവിനിമയം ചെയ്യുന്നുണ്ട്‌.
സമൂഹത്തില്‍ തന്നെ ഉയര്‍ന്നപദവികള്‍ കൈകാര്യം ചെയ്യുന്നവരും തങ്ങളുടെ വേഷങ്ങളിലൂടെ സ്ഥാനം വെളിപ്പെടുത്താറുണ്ട്‌. രാജാക്കന്മാര്‍ തുടങ്ങിയവരുദാഹരണങ്ങള്‍.

വസ്ത്രധാരണത്തിന്റെ മറ്റുപയോഗങ്ങള്‍
ശരീരത്തെ മറ്റുള്ളവരില്‍ നിന്ന് മറച്ചു പിടിക്കുക എന്ന പ്രാഥമിക ഉദ്ദേശത്തില്‍ നിന്നും വ്യത്യസ്തമായി. സൂര്യന്റെ പ്രകാശം, തണുപ്പ്‌, അപകടങ്ങള്‍, രാസവസ്തുക്കള്‍, ആയുധങ്ങള്‍, രോഗാണുക്കള്‍, പ്രാണികള്‍ മുതലായ മറ്റു ജീവികള്‍ എന്നിവയില്‍ നിന്നൊക്കെ ശരീരത്തെ സംരക്ഷിക്കുക എന്ന ധര്‍മ്മവും വസ്ത്രധാരണത്തിലൂടെ സാധിക്കാറുണ്ട്‌.

കേരളീയരുടെ വസ്ത്രധാരണം
മലയാളിക്ക് തന്റെ ദേശത്തിനും കാലാവസ്ഥക്കും ഇണങ്ങിയ തനതായ വേഷവിധാനങ്ങളാണുള്ളത്. പുരുഷന്മാര്‍ മുണ്ടും ഷര്‍ട്ടും ധരിക്കുന്നു. കള്ളിമുണ്ട് (കൈലി) ഒഴിവുസമയങ്ങളില്‍ ധരിക്കുന്നു. സ്ത്രീകള്‍ക്ക് സാരിയാണ് പ്രധാന നാടന്‍ വേഷം. ഇന്ന് വിദേശ വസ്ത്രങ്ങളായ പാന്റ്, ഷര്‍ട്ട്, ചുരിദാര്‍, ജീന്‍സ് തുടങ്ങിയവയെ മലയാളി തന്റെ നിത്യജീവിതത്തിലേക്ക് സ്വീകരിച്ചെങ്കിലും വിശേഷ അവസരങ്ങളില്‍ ഇന്നും തനതായ വേഷവിധാങ്ങള്‍ തന്നെയാണ് പ്രധാനം. കസവു സാരിയും കസവു മുണ്ടും കല്യാണം തുടങ്ങിയ വിശേഷാവസരങ്ങളില്‍ പ്രധാനമാണ്.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ